This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വില്ലര്‍-കൗച്, സര്‍ ആര്‍തര്‍ തോമസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വില്ലര്‍-കൗച്, സര്‍ ആര്‍തര്‍ തോമസ്

Quiller-Couch, Sir Arthur Thomas (1863 - 1944)

ഇംഗ്ലീഷ് നോവലിസ്റ്റും കവിയും നിരൂപകനും. 'ക്യൂ' എന്നാണ് ഇദ്ദേഹത്തിന്റെ തൂലികാനാമം. 1863 ന. 21-ന് ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ ജനിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇതേ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തോളം ലക്ചററായി ജോലിചെയ്തു. 1887-ല്‍ രചിച്ച ഡെഡ്മാന്‍സ് റോക്ക് എന്ന നോവലാണ് ആദ്യകൃതി. ദ് സ്പീക്കര്‍ എന്ന ലിബറല്‍ വാരികയുടെ സഹപത്രാധിപരായി പ്രവര്‍ത്തിക്കവേ അതിലെഴുതിയ നൗട്സ് ആന്‍ഡ് ക്രോസസ് (Noughts and Crosses, 1891), ദ് ഡിലക്റ്റബിള്‍ ഡച്ചി (The Delectable Duchy, 1893) എന്നീ കഥകള്‍ രണ്ടു ഗ്രന്ഥങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1910-ല്‍ 'സര്‍' സ്ഥാനം ലഭിച്ച ഇദ്ദേഹം 1912-ല്‍ കേംബ്രിജില്‍ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസറായി നിയമിതനായി.

നോവലില്‍ മാത്രമല്ല, കവിതയിലും സാഹിത്യ നിരൂപണത്തിലും ക്വില്ലര്‍-കൗച് തന്റെ കഴിവു പ്രകടമാക്കി. വ്യക്തമായ ശൈലി, സൂക്ഷ്മവും നിശിതവുമായ ഹാസ്യം, ഊര്‍ജസ്വലമായ ഭാവനാവിലാസം എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍. നോവലുകളുടെയും ചെറുകഥകളുടെയും പശ്ചാത്തലം പ്രധാനമായും കോണ്‍വാള്‍ തന്നെയാണ്. 'ഒരു ദേശത്തിന്റെ നോവലുകള്‍' എന്ന് അവയെ വിളിക്കാറുണ്ട്. ദ് സ്പ്ളെന്‍ഡിഡ് സ്പര്‍ (The Splendid Spur, 1889), ദ് ഷിപ് ഒഫ് സ്റ്റാഴ്സ് (The Ship of Stars, 1899), ദി അഡ്വെഞ്ചേഴ്സ് ഒഫ് ഹാരി റെവല്‍ (The Adventures of Harry Revel, 1903), ഹെറ്റി വെസ്ലി (Hetty Wesley, 1903), ഫോര്‍ട്ട് അമിറ്റി (Fort Amity, 1904), പോയ്സണ്‍ ഐലന്‍ഡ് (Poison Island, 1907) എന്നിവയാണ് ക്വില്ലര്‍-കൗച്ചിന്റെ പ്രധാന നോവലുകള്‍. വേഴ്സസ് ആന്‍ഡ് പാരഡി (1893), പോയംസ് ആന്‍ഡ് ബാലഡ്സ് (1896), ദ് വിജില്‍ ഒഫ് വീനസ് ആന്‍ഡ് അദര്‍ പൊയംസ് (1912) തുടങ്ങിയവയാണ് ശ്രദ്ധേയമായ പദ്യകൃതികള്‍. അഡ്വെഞ്ചേഴ്സ് ഇന്‍ ക്രിട്ടിസിസം (1896), ഓണ്‍ ദി ആര്‍ട്ട് ഒഫ് റൈറ്റിങ് (1916), ഷേക്സ്പിയേഴ്സ് വര്‍ക്മേന്‍ഷിപ് (1918), ഓണ്‍ ദി ആര്‍ട് ഒഫ് റീഡിങ് (1920), സ്റ്റഡീസ് ഇന്‍ ലിറ്റ്റെച്ചര്‍ (1922), ചാള്‍സ് ഡിക്കന്‍സ് ആന്‍ഡ് അദര്‍ വിക്ടോറിയന്‍സ് (1925), ദ് പൊയറ്റ് ആസ് സിറ്റിസണ്‍ (1934), ദ് ഗോള്‍ഡന്‍ പോംപ് (1895), ദ് ഓക്സ്ഫഡ് ബുക്ക് ഒഫ് ഇംഗ്ലീഷ് വേഴ്സ് (1900) തുടങ്ങിയവയാണ് നിരൂപണസാഹിത്യരംഗത്തെ ഇദ്ദേഹത്തിന്റെ സംഭാവനകള്‍.

1944 മേയ് 12-ന് ഫോവേയില്‍ ഇദ്ദേഹം അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍